01:22am 07 November 2026
NEWS
ആരാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും?
04/08/2025  06:25 PM IST
nila
ആരാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും?

ഇന്ന് രാജ്യം ചർച്ച ചെയ്യുന്നത് രണ്ട് മലയാളി കന്യാസ്ത്രീകളെ കുറിച്ചാണ്. ഛത്തീസ്​ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസം ജയിലിൽ അടച്ച സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസുമാണ് വാർത്തകളിലെങ്ങും. കഴിഞ്ഞ ദിവസം ഇരുവർക്കും ജാമ്യം ലഭിച്ചതോടെ അതിന്റെ അവകാശവാദം സംബന്ധിച്ച രാഷ്ട്രീയ തർക്കങ്ങളും ആരംഭിച്ചിരുന്നു. ഈ കന്യാസ്ത്രീകൾക്കെതിരായ കേസിന്റെ നിജസ്ഥിതിയും ഇപ്പോൾ ഉയരുന്ന വിവാദങ്ങളുടെ രാഷ്ട്രീയവും അവിടെ നിൽക്കട്ടെ. ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചകൾക്ക് തുടക്കമിട്ട ഒരു സംഭവത്തിന്റെ കേന്ദ്രബിന്ദുക്കളായി നിൽക്കുന്ന ആ രണ്ട് വനിതകളെ കുറിച്ച് നമുക്ക് കൂടുതൽ അറിഞ്ഞു വന്നാലോ?

ആരാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും?


കേരളത്തിലെ എറണാകുളം ജില്ലയിൽ നിന്നുള്ള ഒരു കന്യാസ്ത്രീയാണ്സിസ്റ്റർ പ്രീതി മേരി. ഏഴ് സഹോദരങ്ങളുള്ള ഒരു കുടുംബത്തിഅം​ഗം. സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളാണ് പ്രതീ മേരി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സിസ്റ്റർ പ്രീതി മേരി അവർ ഛത്തീസ്ഗഡിലെത്തിയത്. 

പ്രീതി മേരി ഒരു കൊച്ചു പെൺകുട്ടിയായിരിക്കുമ്പോൾ തന്നെ സന്ന്യാസ സമൂഹത്തോട് അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നത്രെ. എറണാകുളം ജില്ലയിലെ എളവൂരിലുള്ള തന്റെ ഇടവകയിലെ കന്യാസ്ത്രീകളുമായി ഈ പെൺകുട്ടി പതിവായി കൂടിക്കാഴ്ച നടത്തുമായിരുന്നു. വളർന്നുവരുമ്പോൾ ഒരു കന്യാസ്ത്രീയാകണമെന്ന് വളരെ ചെറുപ്പത്തിലേ തന്നെ പ്രതീതി മേരി നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഇരുപത് വയസ്സായപ്പോൾ തന്നെ പ്രീതി മേരി സന്ന്യാസം സ്വീകരിക്കാൻ തയ്യാറായി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രീതി മേരി സഭയുമായി കൂടുതൽ അടുത്തത് എന്നാണ് ബന്ധുക്കൾ പറയുന്നത്.  പരിശീലനം ലഭിച്ച നഴ്‌സായ പ്രീതി മേരി പ്രാർത്ഥനയും രോഗശാന്തിയും ഒരുപോലെ പ്രധാനമാണെന്ന് വിശ്വസിച്ചിരുന്നു. രോഗങ്ങളാൽ വലയുന്നവരെ സഹായിക്കുന്നതിൽ സിസ്റ്റർ പ്രീതിമേരി വലിയ താത്പര്യം കാട്ടിയിരുന്നു. വടക്കേ ഇന്ത്യൻ നഗരങ്ങളിലെ ദരിദ്രരുടെ ദുരവസ്ഥയെക്കുറിച്ച് അവർ നിരന്തരം തങ്ങളോട് പറയാറുണ്ടായിരുന്നു എന്നും കുടുംബാം​ഗങ്ങൾ വ്യക്തമാക്കുന്നു. സിസ്റ്റർ സ്വന്തം വീട്ടിൽ വരുമ്പോഴെല്ലാം, ഛത്തീസ്ഗഡിലെ ദരിദ്രർക്കായി ഭക്ഷണം, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവ കൊണ്ടുപോകുമായിരുന്നെന്നും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ വെളിപ്പെടുത്തി.

കണ്ണൂർ ജില്ലയിലെ ഉദയഗിരി ഗ്രാമത്തിൽ നിന്നുള്ളയാളാണ്  സിസ്റ്റർ വന്ദന. ഛത്തീസ്ഗഡിലെ ഒരു ഫാർമസിയിൽ ജോലി ചെയ്തിരുന്നു. നിലവിൽ 56 വയസ്സുള്ള സ്ത്രീയാണ് സിസ്റ്റർ വന്ദന. 

ആലപ്പുഴ ജില്ലയിലെ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിൽ പെട്ടവരാണ് പ്രീതിയും വന്ദനയും. ഏകദേശം 75 വർഷം മുമ്പാണ് ഈ സന്ന്യാസിനി സമൂഹം രൂപീകരിക്കുന്നത്. കുഷ്ഠരോഗം ഭേദമാക്കുന്നതിനുള്ള ഒരു ഇടപെടലായിട്ടാണ് 75 വർഷങ്ങൾക്ക് മുമ്പ് ഇവരുടെ സേവനം ആരംഭിച്ചത്. പിന്നീട്  ജനറൽ മെഡിസിൻ, വിദ്യാഭ്യാസം എന്നിവയിലേക്ക് പ്രവർത്തനം വ്യാപിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവർക്കായി സ്കൂളുകളും ഛത്തീസ്ഗഢിൽ ആരോഗ്യ ക്ലിനിക്കുകളും ഈ സന്ന്യാസിനി സഭ നടത്തുന്നുണ്ട്. തങ്ങളുടെ ചരിത്രത്തിൽ ഒരിക്കലും നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം തങ്ങൾ നേരിട്ടിട്ടില്ല എന്ന് എ.എസ്.എം.ഐ മേധാവി മദർ സുപ്പീരിയർ ഇസബെൽ പറയുന്നു. 

ഛത്തീസ്ഗഡിലെ കോൺവെന്റിലെ സഹോദരിമാർ സഹപ്രവർത്തകരെ ഓർത്ത് ആശങ്കാകുലരാണെന്ന് അവർ പറഞ്ഞു. “സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും വളരെക്കാലം സഭയ്ക്കുവേണ്ടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ദരിദ്രർക്കുവേണ്ടി അവർ തങ്ങളുടെ ജീവിതത്തിന്റെ 30 വർഷത്തോളം ത്യജിച്ചുവെന്നും ഇസബെൽ ഫ്രാൻസിസ് പറഞ്ഞു. “ഇത്തരം കെട്ടിച്ചമച്ച ആരോപണങ്ങൾക്കെതിരെ പോരാടാൻ ഞങ്ങളുടെ ചില സഹോദരിമാർ ഇപ്പോൾ നിയമം പഠിക്കുന്നുണ്ടെന്നും ഇസബെൽ ഫ്രാൻസിസ് വെളിപ്പെടുത്തി. 

അതവിടെ നിൽക്കട്ടെ, സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെയും ജീവിതത്തിൽ ശരിക്കും എന്താണ് സംഭവിച്ചത് എന്നുകൂടി നമുക്കൊന്ന് പരിശോധിക്കാം.

ജൂലായ് 25നാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. തുടർന്ന് ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത കന്യാസ്ത്രീകളെ ദുർഗിലെ ജയിലിൽ തടവിലാക്കുകയായിരുന്നു. പിന്നീട് ഒമ്പതാം ദിവസമാണ് ഇവർക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. 

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ ​ഗുരുതര ആരോപണവുമായി  കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ രം​ഗത്തെത്തിയിരുന്നു. ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം തങ്ങളെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് പെൺകുട്ടികൾ വെളിപ്പെടുത്തി. തങ്ങളെ ബലാത്സം​ഗം ചെയ്യുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടികൾ പറഞ്ഞു. പൊലീസ് നോക്കിനിൽക്കെയായിരുന്നു ഈ അതിക്രമങ്ങളെന്നും ഇവർ വ്യക്തമാക്കി.

അതേസമയം, മലയാളി കന്യാസ്ത്രീകൾ നിരപരാധികളാണെന്നും പെൺകുട്ടികൾ പറയുന്നു. മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും പെൺകുട്ടികൾ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരവും മാതാപിതാക്കളുടെ സമ്മതത്തോടെയുമാണ് കന്യാസ്ത്രീകൾക്കൊപ്പം പോയതെന്നും അവർ വെളിപ്പെടുത്തി. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മാധ്യമങ്ങളോട് പെൺകുട്ടികൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം പോയത്. പാചക ജോലിക്കാണെന്ന് പറഞ്ഞിരുന്നു. മതപരിവർത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ല’- പെൺകുട്ടികൾ പറഞ്ഞു. ജ്യോതി ശർമയെ ജയിലിൽ അടക്കണമെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും പെൺകുട്ടികൾ പറഞ്ഞു.

അതേസമയം, ജാമ്യത്തിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹിയിലെ മഠത്തിലെത്തിച്ചു. നാരായൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിക്കാത്ത സാഹചര്യത്തിൽ ബജ്‌റങ് ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ ഓൺലൈനായി ദുർഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img